Thursday 15 September 2011

ഉലകം ചുറ്റും വാലിബന്‍

                              ഉലകം ചുറ്റും വാലിബന്‍





          ദിലീപ് നായകനായ 'കളേഴ്‍സി'നു ശേഷം രാജ് ബാബു സംവിധാനം നിര്‍വ്വഹിച്ച്, 2011-ലെ ഓണത്തിന്‌ പുറത്തിറങ്ങിയ ചിത്രമാണ്‌ 'ഉലകം ചുറ്റും വാലിബന്‍'. ജയറാം നായകനാവുന്ന ഈ ചിത്രത്തില്‍ വന്ദന, മിത്ര കുര്യന്‍ എന്നിവര്‍ നായികമാരാവുന്നു. കൃഷ്ണ പൂജപ്പുരയാണ്‌ ചിത്രത്തിനു വേണ്ടി തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്‌. കഥയുടെ ക്രെഡിറ്റ് ഗോപു ബാബുവിന്‌ * നല്‍കിയിട്ടുണ്ടെങ്കിലും, അദ്ദേഹമെഴുതിയ യഥാര്‍ത്ഥ ചിത്രത്തിന്റെ കഥയുമായി കാര്യമായ സാമ്യമൊന്നും ഈ ചിത്രത്തിനുണ്ടെന്ന് തോന്നുന്നില്ല. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍, ബഷീര്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു രംഗമോ, പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു തമാശയോ ഈ ചിത്രത്തില്‍ നിന്നും കണ്ടെടുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ഒരുപക്ഷെ ചിത്രം മുഷിപ്പിക്കില്ല. അത്രത്തോളം പഴഞ്ചന്‍ വീഞ്ഞാണ്‌ കുപ്പി പോലും മാറ്റാതെ പുതിയ ലേബലൊട്ടിച്ച് രാജ് ബാബുവും സംഘവും ഓണത്തിന്‌ മലയാളികള്‍ക്കായി തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

* എം.ജി.ആര്‍. നായകനായ 'ഉലഗം സുട്രും വാലിബന്‍' എന്ന തമിഴ് സിനിമയുടെ രചയിതാവ്.

തിരക്കഥാകൃത്ത് എന്നതിനേക്കാളും കൃഷ്ണ പൂജപ്പുരയുടെ ജോലിക്ക് യോജിക്കുക സ്‍കിറ്റെഴുത്തുകാരന്‍ എന്ന പേരാവും. 'സിനിമാല'യിലോ അല്ലെങ്കില്‍ 'കോമഡി സ്റ്റാഴ്‍സി'ലോ ഒക്കെ കാണാറുള്ള കോമഡി സ്‍കിറ്റുകളുടെ മട്ടിലുള്ള കുറേ രംഗങ്ങള്‍ ചേര്‍ത്തു‍വെയ്‍ക്കുകയാണ്‌ കൃഷ്ണ പൂജപ്പുര തിരക്കഥ എഴുത്തെന്ന പേരില്‍ ചെയ്‍തു വെയ്‍ക്കാറുള്ളത്. അങ്ങിനെ കുറേ കൂട്ടിവെയ്‍ക്കുമ്പോള്‍ കഥയെങ്ങോട്ടെങ്കിലുമൊക്കെ പോയെന്നിരിക്കും, യുക്തി മഷിയിട്ടു നോക്കിയാലും കണ്ടെന്നു വരില്ല, ചിലപ്പോള്‍ ചില കഥാപാത്രങ്ങള്‍ പോലും പെട്ടെന്ന് അപ്രത്യക്ഷരാവും; കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിനൊക്കെ പുറമേയാണ്‌, മാസികകളിലെ നര്‍മ്മ കോളങ്ങളില്‍ നിന്നും എടുത്തെഴുതിയ കുറേ സംഭാഷണങ്ങളും. അതില്‍ തന്നെ ഭൂരിഭാഗവും കേട്ടാല്‍ ചിരി മാത്രം വരാത്ത പരുവത്തിലുള്ളവയുമാവും. ഇതൊക്കെ സഹിക്കുവാന്‍ ചങ്കുറപ്പുള്ളവര്‍ മാത്രം ഇദ്ദേഹം രചയിതാവായ സിനിമ കാണുവാന്‍ കയറിയാല്‍ മതിയാവും. ഇനി, മറ്റു രംഗങ്ങളുടെ കാര്യമെടുത്താലോ, അവയും ആവര്‍ത്തനച്ചുവയുള്ളവ തന്നെ!
ഒരു ഉദാഹരണം: നായകന്റെ അമ്മ പറയുന്നു, "അവന്റെ ജാതകത്തിലുണ്ട്, അവന്‍ വളരെ ഉയര്‍ന്ന നിലയിലാവുമെന്ന്...". അടുത്ത ഷോട്ടില്‍ നായകനെ കാണിക്കുന്നു. നായകന്‍ എന്തു ചെയ്യുകയാവും?
a) ഉയര്‍ന്ന തസ്‍തികയിലുള്ള പോലീസുദ്യോഗസ്ഥനായ നായകന്‍ ഓഫീസിലെത്തുന്നു.
b) മലമുകളിലെ പച്ചക്കറി ചന്തയില്‍ ലോറിയുടെ പുറത്ത് കയറിനിന്ന് ചുമടെടുക്കുന്നു.
c) ജനപ്രതിനിധിയായി ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നു.
d) മന്ത്രിയായി സ്റ്റേറ്റ് കാറില്‍ വന്നിറങ്ങുന്നു.
എന്തൊക്കെയാണ്‌ എഴുതിവെച്ചത് എന്നതിനെക്കുറിച്ച് രചയിതാവിന്‌ കാര്യമായ ധാരണയൊന്നുമില്ല. എന്നാല്‍ കുറഞ്ഞപക്ഷം അതൊക്കെ ചിത്രീകരിക്കുന്ന സംവിധായകന്‌ അല്‍പം ബോധം ഉണ്ടാവേണ്ടതല്ലേ? ഇവിടെ അതുമില്ല! സുരാജ് അടുത്തിടെ അവതരിപ്പിച്ച കഥാപാത്രങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ ചിത്രത്തിലേത് സഹിക്കാം. ബിജു മേനോന്റെ കഥാപാത്രം, പ്രത്യേകിച്ചും മകന്‍ കൂടി വരുമ്പോള്‍ കാണികളെ ചിരിപ്പിക്കുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളില്‍ മാത്രമേ സംവിധായകന്‌ ആശ്വസിക്കുവാന്‍ വകയുള്ളൂ. ഇത്തരമൊരു ചിത്രത്തിന്റെ സാങ്കേതിക മേഖലയെക്കുറിച്ചൊക്കെ പറയുവാന്‍ തുനിയുന്നത് തന്നെ അധികപ്പറ്റാവും. എന്നാലും, മനുഷ്യന്മാരൊന്നും പുറത്തെവിടെയും ഇട്ടു കാണാത്ത തരം വസ്‍ത്രങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കിയ വേലായുധന്‍ കീഴില്ലത്തിന്റെ വസ്‍ത്രാലങ്കാര വൈദഗ്ദ്ധ്യം ഒന്നു പരാമര്‍ശിക്കാതെ നിവര്‍ത്തിയില്ല! കേബിള്‍ ടി.വി. റിപ്പയര്‍ ചെയ്യുവാനായി, വേഷം മാറിയെത്തുന്ന നായകനു നല്‍കിയിരിക്കുന്ന വേഷമൊക്കെ കിടിലന്‍!

സൂപ്പര്‍സ്റ്റാര്‍ പത്മശ്രീ ജയറാം (ടൈറ്റിലില്‍ കണ്ടത് എഴുതിയെന്നേയുള്ളൂ!) തന്റെ പതിവ് നവരസങ്ങളോക്കെ മുഖത്ത് മാറി മാറി വിരിയിച്ചു കൊണ്ട് ജയശങ്കര്‍ എന്ന കഥാപാത്രത്തെ ഒരു പരുവത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ അദ്ദേഹത്തിന്റെ ഇതര ചിത്രങ്ങളിലെ വേഷങ്ങളുടെയത്രയും അസഹനീയത തോന്നിച്ചില്ല എന്നതൊരു മികവായി പറയാം. ഇനി അത് കണ്ട് കണ്ട് ശീലമായതാണോ എന്നും സംശയിക്കാതെയില്ല. പൊട്ടന്‌ കാക്കിയിട്ട മാതിരിയൊരു പോലീസ് വേഷമാണെങ്കിലും, ബിജു മേനോന്‍ അത് വിശ്വസനീയമായി അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമ്മൂടിന്റെ ചില നമ്പരുകളൊക്കെ ചിരിപ്പിക്കുന്നുണ്ട്. നായകന്റെ അനുജത്തിയായി മിത്ര കുര്യന് കാര്യമായൊന്നും ചെയ്യുവാനില്ല, നായികയായെത്തിയ വന്ദന തന്റെ വേഷം കഴിയുമ്പോലെ ബോറാക്കിയിട്ടുമുണ്ട്. തന്റെ സ്ഥിരം രൂപഭാവങ്ങളിലെത്തുന്ന സുരേഷ് കൃഷ്ണയും പുതുതായൊന്നും ചിത്രത്തില്‍ ചെയ്യുന്നില്ല. ശോഭ മോഹന്‍, ലാലു അലക്സ്, ജനാര്‍ദ്ദനന്‍, സലിം കുമാര്‍, കോട്ടയം നസീര്‍, ലെന - ഇവരൊക്കെയാണ്‌ ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തിയ അഭിനേതാക്കളില്‍ ചിലര്‍.

ഒന്നല്ല, രണ്ടല്ല, നാലു പേരാണ്‌ ഈ ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. എന്നാലോ ഒറ്റയൊന്നിന്‌ പോലും കാല്‍ക്കാശിന്റെ ഗുണമില്ല. മോഹന്‍ സിത്താരയാണ്‌ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്. ഈ ഗാനങ്ങളൊക്കെ ഗായകര്‍ പാടിയിരിക്കുന്നത് പലതും കേട്ടാലൊട്ട് മനസിലാവുകയുമില്ല - തുളസി പാടിയിരിക്കുന്ന "ചൊല്ല് ചൊല്ല്..." എന്ന ഗാനമൊന്ന് കേട്ടാല്‍ ഈ പറഞ്ഞത് ശരിയെന്ന് ബോധ്യമാവും. സംവിധായകന്‍ ഈ ഗാനങ്ങളൊക്കെ എടുത്ത് പ്രയോഗിച്ചിരിക്കുന്ന ഇടങ്ങളും ബഹു വിശേഷമാണ്‌! പതിനഞ്ചിലധികം വര്‍ഷമായി സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു മാഫിയ ശശി. എന്നാല്‍ ഇതില്‍ അദ്ദേഹം ഇത്തരം രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്ന രീതി കണ്ടാല്‍ നാടകക്കാര്‍ പോലും നാണിച്ചു പോവും! ഇടി കൊള്ളുന്നവന്റെ ഏഴയലത്തു പോലും ചെല്ലാതെയുള്ള നായകന്റെ ഇടികളും, ഇടി വരുന്നതിനു മുന്‍പു തന്നെ തെറിക്കുന്ന വില്ലന്മാരും, ഒട്ടും ചേര്‍ച്ചയില്ലാത്ത പശ്ചാത്തല ശബ്ദവും (അതിനു കടപ്പാട് കൊടുക്കേണ്ടത് രതീഷ് വേഗയ്‍ക്ക്) ഒക്കെ കൂടിയാവുമ്പോള്‍ ശരിക്കും വെറുപ്പിക്കുന്നു / മടുപ്പിക്കുന്നു ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍!

ഉലകമൊന്നും ചുറ്റിയില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ കുറേ തിയേറ്ററുകളില്‍ ചുറ്റിയടിക്കുവാന്‍ വാലിബന്‌ യോഗമുണ്ടാവും എന്നുറപ്പ്. പണ്ടൊരു ചിത്രത്തെക്കുറിച്ച് എവിടെയോ വായിച്ചതാണ്‌, "സിനിമ ഭയങ്കര ഓട്ടമാണ്‌, തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്ക്..."; ഈയൊരു ഓട്ടം തന്നെ 'ഉലകം ചുറ്റും വാലിബ'നും പ്രതീക്ഷിക്കാം.

'ബാലേട്ടനി'ല്‍ തൊട്ട് കാണുവാന്‍ തുടങ്ങിയതാണ്‌ മുന്‍പിലൂടെ റയില്‍വേ പാളമുള്ള ചിത്രത്തില്‍ കാണുന്ന വീട്. 'സെവന്‍സി'ന്റെ ഒടുവില്‍ കാണുന്ന അതേ മാര്‍ബിള്‍ ഗ്യാരേജ് തന്നെ അടികൂടുവാനായി ഇതിലുമുണ്ട്. സ്ഥിരം ലൊക്കേഷനുകളല്ലാതെ, മറ്റൊന്ന് കണ്ടെത്തുവാന്‍ പോലും ആരും ശ്രമിക്കുന്നില്ലല്ലോ!

No comments:

Post a Comment

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ.... നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ വിലപ്പെട്ടതാണ്,. ഇല്ലാന്ന് പറയരുത് ഒന്നല്ലേല്‍ നമ്മളെല്ലാം മലയാളികളല്ലേ നല്ലത് പറഞ്ഞില്ലേലും വിമര്‍ശനം ആകാലോ...
വിമ൪ഷങ്ങളില്‍ നിന്ന് മാത്രമേ തെറ്റ് കുറ്റങ്ങളില്‍ ഇല്ലാത്ത ഒന്നാക്കി ഇതിനെ മാറ്റാന്‍ ആകൂ.... plz

Related Posts Plugin for WordPress, Blogger...