Saturday 1 October 2011

സ്നേഹവീട്‌ (Snehaveedu)

സ്നേഹവീട്‌ (Snehaveedu)



ആ പഴയ മോഹന്‍ലാല്‍ നിങ്ങളിലേക്ക് തിരിച്ചെത്തുന്നു. അതുതന്നെയാണ് ‘സ്നേഹവീട്’ എന്ന സിനിമ നല്‍കുന്ന ഏക സുഖം. മോഹന്‍ലാലും ബിജുമേനോനും ചേര്‍ന്ന് നടക്കാനിറങ്ങുന്ന ആ ഒരൊറ്റ സീന്‍ മതി, ലാലിനെ വിമര്‍ശിക്കുന്നവര്‍ പോലും സന്തോഷിക്കും. തടിച്ചുരുണ്ടിരിക്കുന്ന മോഹന്‍ലാല്‍ നടത്തത്തിനിടെ കാണിക്കുന്ന എക്സര്‍സൈസുകള്‍ തിയേറ്ററുകളില്‍ ചിരിയുണര്‍ത്തി. ലാലിന്‍റെ വിജയരഹസ്യമായ കുസൃതികള്‍ സ്നേഹവീട്ടില്‍ വേണ്ടുവോളമുണ്ട്. ഇല്ലാത്തത് ഒന്നേയുള്ളൂ, ഒരു നല്ല കഥ. 

ലക്ഷണമൊത്ത തിരക്കഥ രചിക്കാന്‍ സത്യന്‍ അന്തിക്കാട് ഇനിയും പഠിച്ചിട്ടില്ല. ലോഹിതദാസിന്‍റെ കിരീടം, മധുമുട്ടത്തിന്‍റെ മണിച്ചിത്രത്താഴ്, ശ്രീനിവാസന്‍റെ ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ സിനിമകളുടെ തിരക്കഥകള്‍ ലാളിത്യമുള്ള ചിത്രങ്ങളുടെ തിരക്കഥ എങ്ങനെ രചിക്കാം എന്നതിനുള്ള പാഠങ്ങളാണ്. ഒരു കഥയുടെ പ്രധാന പോയിന്‍റിലേക്ക് എത്തിപ്പെടാനുള്ള വഴിയായിരിക്കണം തിരക്കഥയുടെ ആദ്യപകുതി പറയേണ്ടത്. എന്നാല്‍ സത്യന്‍ അന്തിക്കാട് ഇവിടെ കാടും പടലും തല്ലുകയാണ്. 

ആദ്യപകുതി രസിപ്പിക്കുന്നില്ല എന്നല്ല. അത് രസം പകരുന്ന മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരിക്കുമ്പോള്‍ തന്നെ കഥയോട് ചേര്‍ന്നുനില്‍ക്കാന്‍ മടികാണിക്കുന്നു. പിന്നെ, പെട്ടെന്നൊരു ദിവസം ഒരു പയ്യന്‍ പ്രത്യക്ഷപ്പെട്ട് പറയുന്നു - അജയന്‍ തന്‍റെ അച്ഛനാണെന്ന്! അതുവരെ കാണിച്ച കളികളെല്ലാം അവിടെ വേസ്റ്റാകുന്നു. കഥയിലേക്ക് ഇനിയാണ് പ്രവേശിക്കേണ്ടത്. ആദ്യപകുതി ഒഴിവാക്കിയാലും ഒരുപക്ഷേ ഈ സിനിമയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് തോന്നുന്നില്ല. 

ഇന്‍റര്‍വെല്ലിന് ഞങ്ങള്‍ പുറത്തിറങ്ങി. എന്തോ, എനിക്കു നല്ല ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. രോഹിണി പറഞ്ഞു - ‘വയ്യെങ്കില്‍ പോകാം ചേച്ചീ. നമുക്ക് ബാക്കി നാളെ വന്നു കണ്ടാലോ?’. എനിക്കും തോന്നി, നാളെയല്ല, ഒരാഴ്ച കഴിഞ്ഞുവന്നു കണ്ടാലും കുഴപ്പമൊന്നുമില്ല. അത്രവലിയ സംഭവങ്ങള്‍ ഒന്നുമില്ലല്ലോ. ഇനി രണ്ടാം പകുതികൊണ്ട് എന്ത് വിസ്മയം കാണിക്കാന്‍?. പക്ഷേ അസുഖത്തോട് തോല്‍ക്കുന്നത് നല്ലതല്ലല്ലോ. കാണുക തന്നെ. 
അമ്മുക്കുട്ടിയമ്മയും അജയനും. അമ്മയും മകനും ആണ് അവര്‍. മകന്‍ ഏറെക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരികെയെത്തിയിരിക്കുകയാണ്. ഇവരുടെ സ്നേഹം കണ്ടാല്‍, കേരളത്തില്‍ ഇത്രയും സ്നേഹിക്കുന്ന ഒരമ്മയും മകനും ഇല്ലാ എന്നുതോന്നും. ഞാന്‍ ഇത് പോസിറ്റീവായി പറഞ്ഞതല്ല. ലാലിന്‍റെ സ്നേഹപ്രകടനങ്ങള്‍ പലതും എനിക്ക് അരോചകമായാണ് തോന്നിയത്. ഇങ്ങനെയൊക്കെയാകാമോ? കുറച്ച് ഓവര്‍ ആയിപ്പോയില്ലേ?

വിവാഹം കഴിക്കുന്നതിനെപ്പറ്റി അജയന്‍ പറയുന്നത് കേള്‍ക്കുക - “ഏതോ ഒരു പെണ്ണ് എന്‍റെ അമ്മയെ അമ്മ എന്നു വിളിക്കുക. അവളുടെ അച്ഛനെയും അമ്മയേയും ഞാന്‍ ‘അച്ഛാ...അമ്മേ..’ എന്നുവിളിക്കുക. അവളുടെ ആങ്ങളച്ചെക്കനെ അളിയാ എന്നുവിളിച്ച് നടക്കുക. ഇതൊക്കെ എന്ത് ഏര്‍പ്പാടാണ്. ഇവിടെ ഞാനും എന്‍റെ അമ്മയും മാത്രം” - വലിയ വാചകങ്ങള്‍ തന്നെ. പക്ഷേ, ഇത്രയും മുതിര്‍ന്ന ഒരു മകന്‍റെ കുട്ടിക്കളികള്‍ക്ക് ഒരു പരിധി നിശ്ചയിക്കേണ്ടതായിരുന്നു എന്നുമാത്രം. 

ഒരുപക്ഷേ, ഇത് എനിക്കുമാത്രം തോന്നിയ അഭിപ്രായമായിരിക്കും. തിയേറ്ററില്‍ ഈ ഡയലോഗുകള്‍ക്കൊക്കെ ഗംഭീര കയ്യടിയായിരുന്നു. അവര്‍ എന്തോ ആഘോഷിക്കുകയാണെന്നുതോന്നി. മോഹന്‍ലാല്‍ സാധാരണക്കാരനെപ്പോലെ സംസാരിക്കുന്നതുകേട്ടിട്ടാകാം.

ആദ്യപകുതിയെപ്പോലെ സ്മൂത്തായി പോകുന്നില്ല ചിത്രത്തിന്‍റെ രണ്ടാം പകുതി. എവിടെയൊക്കെയോ ചില കല്ലുകടികള്‍. എന്നാല്‍ എക്സ്പീരിയന്‍സ് എന്നത് വലിയ കാര്യമാണല്ലോ. ഇത്രയും സിനിമകള്‍ ചെയ്ത അനുഭവപരിചയം വലിയ പരുക്കേല്‍ക്കാതെ സിനിമയെ രക്ഷിക്കാന്‍ സത്യന്‍ അന്തിക്കാടിനെ സഹായിക്കുന്നു. 

അവസാന അരമണിക്കൂറിലാണ് സിനിമയുടെ സസ്പെന്‍സ് പൊളിക്കുന്നത്. എന്നാല്‍ അജയന്‍റെ മകനാണെന്ന് അവകാശപ്പെട്ട് ഒരു കുട്ടി വരാനുണ്ടായ കാരണങ്ങള്‍ കണ്‍‌വിന്‍സ് ചെയ്യിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെടുന്നു. സില്ലിയായ ഒരു ക്ലൈമാക്സിലൂടെ പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട്.

വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ക്ലൈമാക്സ് വളരെ സില്ലിയായിരുന്നു. പക്ഷേ, ലോഹിതദാസ് എന്ന കയ്യൊതുക്കമുള്ള ഒരു എഴുത്തുകാരന്‍റെ സാന്നിധ്യമായിരുന്നു ആ സിനിമയുടെ ജീവന്‍. സ്നേഹവീട് മനസിനെ സ്പര്‍ശിക്കാത്തതും ആഴമുള്ള എഴുത്തിന്‍റെ അഭാവം കൊണ്ടുതന്നെ. 

No comments:

Post a Comment

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ.... നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ വിലപ്പെട്ടതാണ്,. ഇല്ലാന്ന് പറയരുത് ഒന്നല്ലേല്‍ നമ്മളെല്ലാം മലയാളികളല്ലേ നല്ലത് പറഞ്ഞില്ലേലും വിമര്‍ശനം ആകാലോ...
വിമ൪ഷങ്ങളില്‍ നിന്ന് മാത്രമേ തെറ്റ് കുറ്റങ്ങളില്‍ ഇല്ലാത്ത ഒന്നാക്കി ഇതിനെ മാറ്റാന്‍ ആകൂ.... plz

Related Posts Plugin for WordPress, Blogger...